ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Wednesday, November 30, 2011

ഞാന്‍ ഞാനെന്ന ഭാവങ്ങളേ...


ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (നവംബര്‍ 21-28, 2011) വന്ന വലിയ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളും. ചോദ്യങ്ങള്‍ ചോദിച്ചത് സുരേഷ്. പറഞ്ഞത് ഞാന്‍ തന്നെയാണെന്ന് തോന്നുന്നു..

ഗ്രാമ്യജീവിതത്തെ ആവിഷ്‌കരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കഥാകാരനാണ് ഷാജി കുമാര്‍. ദേശത്തിന്റെ ജീവിതത്തെ എഴുതുമ്പോള്‍ മാറുന്ന കാലം, കുതറിയോടുന്ന ഗ്രാമ്യജീവിതം, അതിജീവനത്തിന്റെ വഴി തുടങ്ങിയവയൊക്കെ ഉണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മലയാളകഥയടുടെ വര്‍ത്തമാനത്തെ വിലയിരുത്താമോ..?
സര്‍ഗ്ഗാത്മകരചനകളില്‍  ശക്തമായ ആവിഷ്‌കാരമാധ്യമം എന്ന നിലയില്‍ ഇന്ന് ഏറ്റവും സജീവമായി നില്ക്കുന്നത് ചെറുകഥയാണ്, ഉസൈന്‍ബോള്‍ട്ടിനെപ്പോലെ രണ്ട് കാതം മുന്നില്‍. എന്‍.എസ്.മാധവിന്റെ തിരുത്തിലെ ചുല്യാറ്റിന്റെ കൈയ്യിലെ ഉളി പോലെ മൂര്‍ച്ച കൂടിയ പെന്‍സിലാണ് ചെറുകഥയ്ക്ക് പഥ്യം. നോവലും കവിതയുമൊക്കെ തെളിയണമെങ്കില്‍ വീണ്ടും വീണ്ടും കുടയണം, ചിലപ്പോള്‍ ഷര്‍ട്ടില്‍ കറയാവും.

കഥയിലെ നവഭാവുകത്വവും നാടോടിപാരമ്പര്യവും എങ്ങനെയാണ് കൂട്ടിയിണക്കുന്നത്..?
മടിക്കൈ എന്ന ഇടതുപക്ഷവിശ്വാസത്തിലടിമപ്പെട്ട ഒരു ഗ്രാമത്തിലെ കാലിച്ചാംപൊതി എന്ന സ്ഥലത്ത് ജനിച്ചതിന്റേയും പല നഗരങ്ങളില്‍ ജീവിച്ചതിന്റേയും ജീവിക്കുന്നതിന്റേയും പ്രയോജനം എഴുതുമ്പോള്‍ കിട്ടാറുണ്ടെന്നാണ് വിശ്വാസം. തെയ്യം, കമ്മ്യൂണിസം, ഉന്മാദം, ആത്മഹത്യകള്‍, ദാരിദ്ര്യം, കൃഷി, ദളിതര്‍, ആചാരങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നമായ സംയോജനം മടിക്കൈയില്‍ ഉണ്ട്. എഴുതാനിരുന്നാല്‍ ഒരു നൂറ്കൂട്ടം കഥകള്‍ വേണമെങ്കില്‍ കണ്ടെടുക്കാന്‍ കഴിയുന്ന ഒരു നാട്. അങ്ങനെയുള്ള അനുഭവപരിസരമുള്ള ഒരു നാടിനെ നഗരത്തില്‍ നിന്ന് നോക്കുമ്പോള്‍ സംഭവിക്കുന്നതാവാം അത്.

നിലപാടില്ലാതെ കുഴങ്ങുന്ന ജീവിതം രാജാവിന്റെ മക്കളില്‍ കാണാം. എഴുത്തില്‍ ഈ രാഷ്ട്രീയത്തെ സ്വീകരിക്കാനെന്താണ് കാരണം.?
സത്യസന്ധമായ നിലപാടോടെ ജീവിക്കുന്ന മനുഷ്യര്‍ വംശനാശഭീഷണിയിലാണെന്ന സ്ഥിതിവിവരറിപ്പോര്‍ട്ടില്‍ നിന്നാണ് രാജാവിന്റെ മക്കള്‍ എന്ന കഥയുടെ പിറവി. നിലപാടില്ലായ്മകളുടെ ചതുപ്പുനിലത്തിലാണ് മലയാളിയുടെ നടപ്പ്.  ഇടതുപക്ഷാശയങ്ങള്‍ മുദ്രാവാക്യത്തില്‍ ചുരുട്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞ് അടുത്ത നിമിഷം ജോല്‍സ്യന്റെയടുത്ത് പോയി മകളുടെ വിവാഹപ്പൊരുത്തം നോക്കുന്ന ഇടതുപക്ഷഅവിശ്വാസികള്‍ ധാരളമുണ്ട് പരിചയക്കാരായി.  മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവന കൊടുക്കുന്ന അതേ മനോഭാവത്തോടെ പാര്‍ട്ടിഫണ്ടിലേക്ക് ഉദാരമനസ്‌കനാവാന്‍ മലയാളിക്ക് യാതൊരു മടിയുമില്ല, എല്ലാം ശരിയാണ് മലയാളിക്ക്. കമ്മ്യൂണിസം ശരിയല്ലേ എന്നൊരാള്‍ ചോദിച്ചാല്‍ ശരിയാണ്. അപ്പോള്‍ ശാഖാപ്രവര്‍ത്തനം ശരിയല്ലെന്നാണോ പറയുന്നേ എന്ന് മറുചോദ്യം വന്നാല്‍ ഒറ്റയടിക്ക് ഉത്തരം കിട്ടും, അതും ശരിയാണ്. പണം പലിശയ്ക്ക് കൊടുക്കുന്നത് ശരിയാണ്, സ്ത്രീധനം വാങ്ങുക തന്നെ വേണം, ആത്മഹത്യ ചെയ്യുന്നത് ശരി, ബലാല്‍സംഗം ചെയ്യുന്നതില്‍ എന്താ ഇപ്പോള്‍ ഇത്ര വലിയ തെറ്റ്, രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാവുന്നതില്‍ ഒരു തെറ്റുമില്ല, അങ്ങനെയങ്ങനെ തെറ്റ് ശരി എന്നൊന്നില്ല, വലിയൊരു ശരിയാണ് ജീവിതമെന്ന് തീരുമാനിക്കുകയും സമരസത്തിന്റെ റബ്ബറൈസ്ഡ് റോഡില്‍ ജീവിതത്തിന്റെ ഇന്നോവ സുഖസുന്ദരമായി ഓടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നൂ നമ്മള്‍. രാജാവിന്റെ മക്കള്‍ വരുന്നത് ഇവിടെ നിന്നാണ് .

അപചയങ്ങളുടെ ദുരന്തഭൂമിയില്‍ നില്ക്കുന്നവരുടെ ജീവിതം, ഉപഭോഗതാല്‍പര്യം, അധിനിവേശം എന്നിവ ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗിലും പഞ്ചതന്ത്രം കഥയിലുമുണ്ട്. കഥകളെ ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അധികമാരും തയ്യാറാവാത്തപ്പോള്‍ നമ്മുടെ കഥാന്തരീക്ഷത്തെക്കുറിച്ച് എന്തുപറയും..?
ഉള്ളിലും പുറത്തും ഒരു ഇടതുപക്ഷമുണ്ട്. ജനിച്ച തൊട്ട് കണ്ടതും കേട്ടതും കമ്മ്യൂണിസമായിരുന്നു. ഇടപെട്ടതും ഇടതുപക്ഷത്തിലൂടെയായിരുന്നു. സ്‌കൂളിലും ക്യാമ്പസിലും പഠിക്കുമ്പോള്‍ എസഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ജയിലില്‍ കിടന്ന് ചപ്പാത്തി വരുന്നതിന് മുന്നേ ഗോതമ്പുണ്ട തിന്നിട്ടുണ്ട്. എഴുതുമ്പോള്‍ സമരസ്വാഭാവം ഉണ്ടാവുന്നത് അങ്ങനെയാവാം, അത് പരിമിതിയുമാണ്. ഇടതുപക്ഷത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്ളിലുള്ള ഇടതുപക്ഷക്കാരന്‍ എഴുതിപ്പിക്കുന്നതാണ്. സഹഎഴുത്തുകാര്‍ ഇങ്ങനെ രാഷ്ട്രീയമായി എഴുതണം എന്ന് പറയാന്‍ ആളല്ല ഞാന്‍.

കഥകളില്‍ ഷാജി തിരഞ്ഞെടുക്കുന്ന മികച്ച രചന ഏതായിരിക്കും. അതിനെ വിലയിരുത്തിയാല്‍..?
കഥയെഴുത്ത് എന്നുള്ളത് ഏറെ അദ്ധ്വാനം പിടിച്ച പണിയായിട്ടാണ് തോന്നുന്നത്. നമ്മളെ ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുത്തുന്ന പ്രവൃത്തിയാണത്. എല്ലാത്തിനോടും ദേഷ്യം തോന്നിക്കുന്ന ഒന്ന്. എല്ലാവരും തള്ളിപ്പറഞ്ഞാലും എഴുതിയ കഥകളോടെല്ലാം വലുതായ ആത്മബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട കഥ എന്ന ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എന്നാലും ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗ്, പഞ്ചതന്ത്രം കഥ, ജനം, ഈശ്വരന്റെ തുപ്പല്‍, ഒറ്റ, വെയില്‍,മഴ,മുസ്തഫ etc,18+, മരണത്തെക്കുറിച്ച് ഒരു ഐതിഹ്യം, പൊക്കന്‍, നഗരത്തിലെ മഴ, ഉച്ചമഴയിലെ തുമ്പികള്‍ എന്നീ കഥകള്‍ വ്യക്തിപരമായ അനുഭവങ്ങളായത് കൊണ്ടാവാം കുറച്ചുകൂടുതല്‍ അടുപ്പം കാണിക്കുന്നു.

ജീവിതം വഴിവക്കിലുപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്നു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന് പുതിയ കാലം വിളിച്ചുപറയുന്നു. ഒരൂ കഥാകൃത്ത് എന്ന നിലയില്‍ എന്ത് പറയുന്നു..?
മൂല്യങ്ങളുടെ നിര്‍വ്വചനം മാറി എന്നുള്ളതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തമായി തോന്നുന്നത്. കട്ടവന്‍ കാര്യക്കാരനാകുന്ന കാലം. പണത്തിന് മേലെ പരുന്തും കോടതിയും മുഖ്യമന്ത്രിയും പ്രതിപക്ഷവും പറക്കുകയോ ഇരിക്കുകയോ ചെയ്യില്ല എന്നതാണ് ഈ കാലത്തിന്റെ സത്യം. പുതിയ കാലം മൂല്യങ്ങള്‍ വേണ്ട എന്ന് വിളിച്ച് പറയുന്നുണ്ടെങ്കിലും ചരിത്രഭാരമില്ല എന്ന് സാംസ്‌കാരികരംഗത്തെ വലിയവര്‍ അധിക്ഷേപിക്കുന്ന പുതിയ തലമുറ അത് അത്ര കണ്ട് കേള്‍ക്കുന്നില്ല എന്നാണ് തോന്നുന്നത്. ചരിത്രത്തിന്റെ ഭാരം താങ്ങി സമയം കളയാതെ അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു. കപട സദാചാരത്തിന്റെയോ ഗൃഹാതുരത്വത്തിന്റേയോ കുരിശ്ശില്‍ തറക്കപ്പെടുന്നില്ല അവര്‍. എന്ന് വെച്ച് മുന്‍ഗാമികളുടെ ജീവിതത്തെ നിഷേധിക്കുവാന്‍ ഒന്നും അവര്‍ക്കാഗ്രഹമില്ല. അവരെ അവരുടെ പാട്ടിന് വിടുന്നു. തങ്ങളെ തങ്ങേളുടെ പാട്ടിന് വിടൂ എന്നവര്‍ പറയുന്നു. അവര്‍ പഴയ തലുമറയുടെ ചരിത്രം അറിഞ്ഞെന്ന് വരില്ല. പക്ഷേ അവര്‍ മുന്‍ഗാമികളെ അംഗീകരിക്കുന്നു. രാഷ്ട്രീയമായ ഉള്‍കാഴ്ചയോ വലിയ പുസ്തകങ്ങള്‍ വായിച്ച അറിവോ ഇല്ലെങ്കിലും ജീവിക്കുന്ന ജീവിതത്തോട് സത്യസന്ധത പുലര്‍ത്താനുള്ള ആര്‍ജ്ജവം എന്റെ ജനറേഷനുണ്ട്. ഒന്നുമില്ലെങ്കിലും അന്യന്റെ സങ്കടങ്ങള്‍ വെറുതേ കേട്ടുനില്ക്കുന്നതിനപ്പുറം പബ്ലിസിറ്റിക്കല്ലാതൈ ഇടപെടാന്‍ ആഗ്രഹിക്കുന്ന തലമുറയാണ് ഞങ്ങളുടേത് എന്നാണ് സ്വയമനുഭവത്തില്‍ നിന്ന് തോന്നിയത്. ഇടതുപക്ഷം എന്നാല്‍ അതുതന്നെയാണ്. ബ്ലാ ബ്ലാ എന്ന് പറഞ്ഞുനടക്കുന്നതിനപ്പുറം തന്റേതായി രീതിയില്‍ ഇടപെടുക എന്നുള്ളതാണ് പ്രധാനം. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പീഡനക്കേസുകളില്‍ മിക്കവരും 35-ന് മുകളില്‍ നില്ക്കുന്നവരാണ് പ്രതിപ്പട്ടികയിലുള്ളത്. മധ്യവയസ്‌കിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് പുതിയ കാലത്തെ വേറൊരു പ്രശ്‌നം.

പാരിസ്ഥിതികഅവബോധം, സ്ത്രീയുടെ വ്യത്യസ്തജീവിതങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ ഷാജികുമാറിന്റെ പേനയുടെ വഴി വേറെയാകുന്നു. എന്തുകൊണ്ട്...?
കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതപരിസരമാണ് വീട്ടിലേത്. കൃഷിയുമായി ബന്ധപ്പെട്ട പോസറ്റീവ് ആയിട്ടുള്ള എല്ലാ ആചാരങ്ങളും നടക്കുന്ന വീടാണ് എന്റേത്. തുലാപത്തിന് പൊലിയന്ത്രന് അരിയിടുന്ന, വിഷുവിന് വീട്ടിലെ പശുക്കള്‍ക്കും കണി വെയ്ക്കുന്ന, പുതുനെല്‍വിത്ത് വിളക്ക് കത്തിച്ച് പൂജാമുറിയിലേക്ക് കൊണ്ടെത്തിക്കുന്ന അങ്ങനെയൊക്കെയുള്ള ഗ്രൗണ്ട് ലെവലുള്ള ജീവിതം ഇപ്പോഴും അവിടെയുണ്ട്. ഈ പാഠത്തില്‍ നിന്നാണ് പരിസ്ഥിതി എഴുത്തില്‍ സംഭവിക്കുന്നത്. കണ്ടതും കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും വ്യത്യസ്തമായ കരുത്തുറ്റ പെണ്‍ജീവിതങ്ങളും ഇത് പോലെ തന്നെ തുടര്‍ച്ച തീര്‍ക്കുന്നു. ഒരു മുല പറിച്ചെറിഞ്ഞ് ഒരു മധുരാനഗരം കത്തിച്ച് കളഞ്ഞ കണ്ണകിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം, മാറിടം കാട്ടി കോടികള്‍ സമ്പാദിക്കുന്ന മല്ലിക ഷെറാവത്തിനേക്കാള്‍.

Monday, November 28, 2011

വെറുമൊരു...


നിറം മാറാന്‍ നല്ലോണം നോക്കി..
നോക്കീട്ട് ചോര കുടിക്കാന്‍ അതിനേക്കാളും നോക്കി
ഒന്നിനുമായില്ല.
ഓന്ത് മാത്രമായി...
ഓന്തേ ഓന്തേ എന്ന് ആളുകള് വിളിക്കാനും തുടങ്ങി...- ഓന്ത്‌രാമേട്ടന്‍

Sunday, November 27, 2011

കുറ്റബോധിതന്‍


എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് എ സ്‌പോട്ട്‌ലെസ്സ് മൈന്റ് എന്ന സിനിമയിലേത് പോലെ ചില പ്രത്യേക മനുഷ്യരെ ഓര്‍മ്മയില്‍ നിന്ന് എന്നെന്നേക്കുമായി മായ്ച്ചുകളയാന്‍ കഴിയുന്ന ഒരു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍....!!! സത്യമായും പ്രണയമല്ല....

Friday, November 25, 2011

നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്...?

ടി.വി.കൊച്ചുബാവ ഓര്‍മ്മയായിട്ട് നവംബര്‍ 25ന് 11 വര്‍ഷം.
''എത്രകാലമാണ് ഒരാള്‍ സംഗീതം കേള്‍ക്കുക? എത്ര കാലമാണ് ഒരാള്‍ പുസ്തകങ്ങള്‍ വായിക്കുക? എത്ര കാലമാണ് ഒരാള്‍ മദ്യപിക്കുക? ഏകാകികളുടെ ദിവസങ്ങള്‍പോലെ കടുത്തതായി മറ്റെന്തുണ്ട്?''- ടി.വി.കൊച്ചുബാവ.

കഥയിലെ ധിക്കാരിയായിരുന്നൂ കൊച്ചുബാവ. കറുപ്പായിരുന്നൂ കൊച്ചുബാവയ്ക്ക് ഭാഷ. കെട്ടജീവിതങ്ങളെക്കുറിച്ചായിരുന്നൂ കൊച്ചുബാവയുടെ എഴുത്ത്. ആര്‍ത്തികള്‍ക്കടിയില്‍ ഓടിക്കളിക്കുന്ന മനുഷ്യജീവിതങ്ങളെ കഥകളിലേക്ക് തൂക്കിയെടുത്ത് വെച്ച് കൊച്ചുബാവ വായനക്കാരെ വിളിച്ചുകാണിച്ചു. കൊലപാതകികളും ജാരന്മാരും പള്ളിയലച്ചന്മാരും കള്ളന്മാരും അധ്യാപകരും വൃദ്ധന്മാരും വൃദ്ധകളും വേശ്യകളും കുടംബസ്ത്രീകളും കുടുംബപുരുഷന്മാരും സര്‍ക്കസ്സുകാരും ബുദ്ധിജീവികളും കുട്ടികളും കൊച്ചുബാവയുടെ കഥകളില്‍ നിരന്നുനിന്നു. തിന്മയുടെ വെളുത്തവസ്ത്രം ധരിച്ച് അവര്‍ വായനക്കാരെ നോക്കിപല്ലിളിച്ചു. തിന്മയായിരുന്നൂ കൊച്ചുബാവക്കഥകളിലെ ആയുധം. ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച് വെച്ച നേരില്ലായ്മകളുടേയും കപടതകളുടേയും അഴുക്ക് കൊച്ചുബാവ പുറംലോകത്തിന് കാട്ടി. മരുഭൂമികള്‍ പോലെ നമ്മുടെ ജീവിതം വരണ്ടുപോവുന്നതെന്തേ എന്ന് കഥകളിലൂടെ ആകുലപ്പെട്ടു. ജീവിക്കുന്ന കാലത്തിന്റെ കഥകളായി അവ. വരാന്‍ പോകുന്ന കാലത്തിന്റേയും. വായിച്ച് നെറ്റിചുളിച്ചവരോട് കൊച്ചുബാവ പറഞ്ഞു: ''കേള്‍ക്കുന്നുണ്ട്, ജീവിതത്തെ ഏങ്കോണിച്ചുകാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നത്. കുറ്റം ശിരസാവഹിക്കുന്നു. സുന്ദരമായ തൊലിക്കപ്പുറത്തെ എല്ലാ വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യമധുരമായ കാറ്റിനെക്കുറിച്ചും കിളികളെക്കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല. കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞുകൊണ്ട് കപ്പയിലക്കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താത്പര്യവും. ഈ സൗഖ്യത്തിലിരുന്ന് ആഴത്തിലേക്കു നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ...? കുപ്പത്തൊട്ടിക്കുമേലെ പിണഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്തമുനയിലുയര്‍ന്ന് ആകാശം കാണുന്ന ആമിനയുടെ കെട്ട്യോനും റെയില്‍വേ ട്രാക്കില്‍ ജാരസന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പുചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിന്റെ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരുപരുത്തുപോകുന്നു അതൊക്കെ.'' കൊച്ചുബാവയുടെ തന്നെ ഒരു കഥയുടെ തലക്കെട്ട് പോലെ കഥയും ജീവിതവും ഒട്ടിച്ചുചേര്‍ത്തുള്ള എഴുത്ത്. കഥ വായിച്ചവര്‍ കഥയാണോ ജീവിതമാണോ എന്ന ആശ്ചര്യത്തില്‍ ചകിതരായി. എത്തിപ്പിടിക്കാനാവാത്ത ക്രാഫ്റ്റും ഭാഷയും കൊച്ചുബാവയുടെ പേറ്റന്റ്. വായനക്കാരെ കഥയിലേക്ക് അതിദ്രുതം വലിച്ചുകൊണ്ടുവന്ന് വായിപ്പിച്ചു. പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഓരോ കഥയും ഒന്നിനൊന്ന് വ്യത്യസ്തമായി. കൊച്ചുബാവയുടെ ആദ്യകഥാസമാഹാരത്തിന്റെ പേര് പോലെ 'ഒന്നങ്ങനെ ഒന്നിങ്ങനെ'. കാല്പനികപാത അന്യവും കഥയുടെ മാന്ത്രികത അരികത്തുമായിരുന്നൂ കൊച്ചുബാവയ്ക്ക്. മുതിര്‍ന്ന ഒരാള്‍ കൊച്ചുകുട്ടികളോട് കഥ പറയുന്നത് പോലെ കൊച്ചുബാവ കഥയുണ്ടാക്കി. കഥയെഴുത്തുകാരനേക്കാള്‍ കഥ പറച്ചിലുകാരനായിട്ടാണ് കൊച്ചുബാവ അനുഭവപ്പെടുത്തിയത്. കഥയ്ക്ക് വേണ്ടിയായിരുന്നൂ കൊച്ചുബാവയ്ക്ക് ജീവിതം. കഥയ്ക്കപ്പുറം വേറൊന്നുമില്ലെന്ന ഉറച്ചവിശ്വാസം കൊച്ചുബാവയ്ക്കുണ്ടായി. അതുകൊണ്ട് തന്നെ കഥയും കൊച്ചുബാവയും ആത്മമിത്രങ്ങളായിരുന്നു. ഒരു ചരിത്രകാരനെ പോലെ കേരളീയജീവിതത്തെ കണ്ടെഴുതീ കൊച്ചുബാവ.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വൃദ്ധസദനം എന്ന നോവലുമായി ബന്ധപ്പെടുത്തിയാണ് കൊച്ചുബാവയെ മലയാളിവായനസമൂഹം കണ്ടതും കണ്ടുകൊണ്ടിരുന്നതും കാണുന്നതും. വൃദ്ധസദനങ്ങള്‍ കേരളത്തിന്റെ സ്റ്റാറ്റസ് സിമ്പലായി കടന്നുവരും മുമ്പേ എഴുതപ്പെട്ട നോവലായിരുന്നൂ വൃദ്ധസദനം. അതുകൊണ്ട് തന്നെ അക്കാലത്ത് അത് മലയാളിജീവിതത്തിന് എഴുത്ത് കൊണ്ടുള്ള ഒരടിയായി. വൃദ്ധസദനം എഴുതിയ കൊച്ചുബാവയേക്കാള്‍ കഥകള്‍ എഴുതിയ കൊച്ചുബാവയെയാണ് ഇഷ്ടം വരുത്തുന്നത്. ഒരു പാട് കഥകള്‍. കഥകള്‍ കൊണ്ട് വലിയ വലിയ നോവലുകളെ വെല്ലുവിളിക്കുന്ന മാസ്മരികാനുഭവം തീര്‍ക്കാന്‍ കൊച്ചുബാവയ്ക്ക് കഴിഞ്ഞു. ഒരു കഥയുടെ തലക്കെട്ട് പോലെ 'നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്?' എന്ന ചോദ്യത്തിനുത്തരം പറയുകയായിരുന്നൂ കൊച്ചുബാവ തന്റെ കഥകളിലൂടെ. കൊച്ചുബാവ തീര്‍ത്ത കഥയുടെ മായാജാലങ്ങള്‍ എന്നും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.

പത്താംക്ലാസ്സ് കഴിഞ്ഞ് കൈയ്യും കാലും വെറുതെയിരിക്കുന്ന സമയത്ത് കണ്ണട കരയുന്നു എന്ന പേരില്‍ ഒരു കഥ ഗള്‍ഫ് വോയ്‌സിന് അയച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് എന്നെ തേടിയെത്തിയ കത്തായിരുന്നൂ കൊച്ചുബാവ ഉണ്ടാക്കിയ വലിയ ഓര്‍മ്മ. വളരെ ഭംഗിയുള്ള അക്ഷരങ്ങളില്‍ ഗള്‍ഫ് വോയ്‌സിന്റെ ലെറ്റര്‍ പാഡില്‍ വന്ന ആ നീണ്ട കത്തില്‍ കഥയെക്കുറിച്ചും കഥയെഴുത്തിനെക്കുറിച്ചും എഴുത്തിലേക്ക് എത്തപ്പെടാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. ആ കഥയ്ക്ക് ഗള്‍ഫ് വോയ്‌സില്‍ വരാന്‍ യോഗമുണ്ടായില്ല. വൈകാതെ ഗള്‍ഫ് വോയ്‌സ്  അടച്ചുപൂട്ടി. ആ കത്ത് ഇപ്പോഴില്ല, കൊച്ചുബാവയും.
ബാവക്കയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം.

Thursday, August 18, 2011

നിരവത്ത് കയ്യാണി



ഏറെ ഇഷ്ടപ്പെട്ട എഴുത്തായിരുന്നൂ സി.അയ്യപ്പന്‍ എന്ന അയ്യപ്പേട്ടന്റേത്.
ഒരിക്കല്‍ മാത്രമേ അയ്യപ്പേട്ടനെ കണ്ടിട്ടുള്ളൂ...
കലേഷിന്റെ പുസ്തകപ്രകാശനത്തിന്.
കൈ പിടിച്ചു,വര്‍ത്തമാനം പറഞ്ഞു. കഥകളിലെ കലാപകാരി സൗമ്യതയോടെ ചിരിച്ചുവര്‍ത്തമാനം പറഞ്ഞു.
ഏറെക്കാലത്തിന് ശേഷം ഭാഷാപോഷിണിയില്‍ അയ്യപ്പേട്ടന്‍ എഴുതിയ നിരവത്ത് കയ്യാണി എന്ന ഒറ്റക്കഥ, വരാല് പോലെ പിടപ്പിക്കുന്നത് പറഞ്ഞപ്പോള്‍ ചിരി കുറച്ച് കൂടി ഉച്ചത്തിലായി.
അയ്യപ്പേട്ടന്‍ ഒറ്റയ്ക്കായിരുന്നൂ...
പട്ടത്തുവിളയെപ്പോലെ വി.പി.ശിവകുമാറിനെപ്പോലെ കഥയുടെ ഒറ്റവരമ്പിലൂടെയായിരുന്നൂ നടത്തം.
കൂടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിനിന്നില്ല,
ആരെങ്കിലും കാണുന്നുണ്ടോ എന്ന് ആകുലപ്പെട്ടില്ല..
ഒറ്റയ്ക്ക് തന്നെ നടന്നുപോയി, ഒറ്റവഴി വെട്ടി.
അയ്യപ്പേട്ടന് സ്‌നേഹം..
ഒത്തുതീര്‍പ്പുകളില്ലാതെ നടക്കാനുള്ള അയ്യപ്പേട്ടന്റെ ധൈര്യം
എപ്പോഴെങ്കിലം സ്വയംപാഠമാക്കിയെടുക്കാനായിരുന്നുവെങ്കില്‍ ...!!!

Friday, June 10, 2011

മഴ: ഒരു നാടന്‍പറച്ചില്‍




മഴയതാ പെയ്യേണ് ഇടിയതാവെട്ടുന്ന് ...
കോരന്റെ ഒളതാ മത്തിക്ക് പായുന്ന്...

                                                                                   *ഓള്- ഭാര്യ

Friday, May 20, 2011

സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം



(കൈരളിച്ചാനലിന്റെ പ്രധാനവാര്‍ത്ത വായിക്കപ്പെടുന്നു, വാര്‍ത്ത തീരുന്നതിന്റെ മ്യൂസിക്. ടെലിബ്രാന്റ്‌ഷോയുടെ സംഗീതം.കര്‍ട്ടന്‍ ഉയരുന്നു.
 സ്റ്റേജില്‍ മൂന്ന് പേര്‍ അദൃശ്യമായ ഒരു സൈക്കിളില്‍ സാമാന്യം വേഗതയില്‍ ചവുട്ടിക്കൊണ്ടിരിക്കുകയാണ് (അവര്‍ വേദിയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്) സദസ്സിന് അടുത്തായി രണ്ട് പേര്‍ (അത് ആണാവാം പെണ്ണാവാം.) സംസാരിക്കാന്‍ തയ്യാറായി നില്ക്കുന്നു. റിയാലിറ്റിഷോയുടെ സംഗീതം വേണമെങ്കില്‍ കേള്‍പ്പിക്കാം.)
1 :(ടെലിബ്രാന്റ് ഷോയുടെ സ്ലാംഗില്‍) മാന്യപ്രേക്ഷര്‍ക്ക്  തീര്‍ച്ചയായും വലയിലാക്കും പ്രൊഡക്ഷന്റെ വീനീതമായ നമസ്‌കാരം ആദ്യമേ തന്നെ അറിയിക്കട്ടെ. ഇന്ത്യയില്‍ ഇദംപ്രഥമമായി ഞങ്ങള്‍ അവതരിപ്പിക്കുന്നു: മെഷീന്‍ ഫോര്‍ സെലിബ്രേഷന്‍. മലയാളത്തില്‍ പറയുകയാണെങ്കില്‍ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം.

2 അതെ, നിങ്ങള്‍  പുറത്തേക്ക് ജസ്റ്റ് ഒന്ന് കണ്ണോടിച്ച് നോക്കൂ. എങ്ങും ദുരിതങ്ങളുടെ പഴയ ജൂണ്‍ മാസമഴ തുടര്‍ച്ചയായി പെയ്യുന്നത് കാണാം. മരണങ്ങള്‍, വെള്ളപ്പൊക്കം, ബലാല്‍സംഗങ്ങള്‍, ഖനിയില്‍ കുടുങ്ങള്‍, തീവണ്ടിയപകടങ്ങള്‍,ആധികള്‍,വ്യാധികള്‍, അഴിമതി, കൊലപാതകം, രോഗങ്ങള്‍... സങ്കടം വന്ന് നിങ്ങളുടെ തപിക്കുന്ന ഹൃദയം തകരുന്നതിന്റെ ഒച്ച ഞങ്ങള്‍ക്ക് പോലും കേള്‍ക്കാം .് അതുകൊണ്ടാണ് തീര്‍ച്ചയായും വലയിലാക്കും പ്രൊഡക്ഷന്‍ ഇങ്ങനെയൊരു യന്ത്രവുമായി നിങ്ങള്‍ക്ക് മുന്ന്ിലേക്കെത്തുന്നത്...

1. നിങ്ങളുടെയുള്ളിലെ കുറ്റബോധത്തിന്റെയും സങ്കടങ്ങളുടേയും ഒറ്റപ്പെടലുകളുടേയും കടല്‍ നിങ്ങളില്‍ നിന്ന് എന്നേന്നുക്കുമായി മായ്ച്ച് കളയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

2. എന്നും നിങ്ങള്‍ സന്തോഷിച്ച് കൊണ്ടേയിരിക്കുക അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ലോകം ഇടിഞ്ഞു വീണോട്ടെ വലയിലാക്കും പ്രൊഡക്ഷന്റെ മെഷീന്‍ ഫോര്‍ സെലിബ്രേഷന്‍ നിങ്ങളെ സന്തോഷത്തിന്റെ ഉല്‍സവകാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുമെന്ന് ഉറപ്പാണ്.

1. ഇതിന്റെ ജീവിച്ചിരിക്കുന്ന തെൡവായി ഇതാ ഇവരെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കൂട്ടത്തില്‍ അത്യുല്‍സാഹപൂര്‍വ്വം ഒരു ഭ്രാന്തനെപ്പോലെ അവര്‍ക്ക് മുന്നിലൂടെ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരിക്കുന്ന രവിയെ അവര്‍ വിളിക്കുന്നു.
2. മിസ്റ്റര്‍ രവീ.. യന്ത്രം ചവുട്ടുന്നത് അല്പനേരം സ്ലോമോഷനിലേക്ക് മാറ്റിവെച്ച് നിങ്ങളുടെ അനുഭവം ലോകത്തോട് ഒന്ന്് പങ്ക് വെയ്ക്കൂ....
രവി: അയ്യോ, അത് ശരിയാവൂമോ... ചവുട്ടുന്നതിന്റെ വേഗം കുറച്ചാല്‍ കിട്ടുന്ന സന്തോഷം കുറഞ്ഞ് പോവില്ലേ.. അറിയ്യോ,ഞാനിപ്പോള്‍ സന്തോഷത്തിന്റെ എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞു. എനിക്ക് ഇനിയും സന്തോഷം വേണം...അതുകൊണ്ട് സ്പീഡ് കുറക്കുന്ന പ്രശ്‌നമില്ല.
1. അല്്പനേരത്തേക്കല്ലേ രവീ... സ്ംസാരിച്ച് കഴിഞ്ഞ് പിന്നെ കൂടുതല്‍ വേഗം ചവുട്ടിക്കോളൂ.. നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ബഹിരാകാശത്തേക്ക് എത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നൂ...
(ഒരല്പം ശങ്കയോടെ രവി വേഗത കുറയക്ക്ുന്നു.)
രവി: എം.എ കഴിഞ്ഞ് അപേക്ഷിക്കാനാവുന്ന കമ്പിനികളിലൊക്കെ അപേക്ഷ കൊടുത്ത് മുടിഞ്ഞ് എന്തിനിങ്ങനെയൊരു ജീവിതം എന്ന് ദീര്‍ഘമായി മനസ്സില്‍ നിലവിളിക്കും നേരമാണ് ഇങ്ങനെയൊരു യന്ത്രത്തെക്കുറിച്ച് കേട്ടറിയുന്നത്. ജീവിതം ആകെ മൊത്തം ടോട്ടല്‍ വലിയ ഒരു പരാജയം...പരാജയത്തിന്റെ ഒരു മോഹന്‍ലാല്‍ ചിത്രം പോലെ ഈ ഞാന്‍...
2: എന്നിട്ടോ രവീ..എന്നിട്ട് എന്തുണ്ടായീ....?
രവി:ഒരു  നിമിഷത്തേങ്കിലും സന്തോഷിക്കണം എന്ന വലിയ തീരുമാനത്തിന്റെ പുറത്താണ് ഈ യന്ത്രം വാങ്ങുന്നത്. ഉണ്ടായിരുന്ന വീടും പുരയിടവും വിറ്റു, അമ്മ നിലവിളിച്ചു എന്നത് സത്യം. അമ്മയെ വലിച്ചെറിയേണ്ടി വന്നൂ എന്നുള്ളത് വാസ്തവം. സന്തോഷം വേണമെങ്കില്‍ ഇതൊക്കെ വേണ്ടി വരുമെന്ന് എനിക്കുറപ്പായിരുന്നു. നിങ്ങള്‍ക്കും ഇതൊരു പാഠമാണ്. അങ്ങനെ ഇതിനകത്ത് കയറിയിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം. അനുഭവിക്കുന്ന സന്തോഷം, കളരിപരമ്പരഗുരിക്കളാണേ സത്യം ,വാക്കുകള്‍ കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല അതിനെ.  ഇപ്പോള്‍ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല  ഞാന്‍. സന്തോഷം സന്തോഷം അതുമാത്രം മതിയെനിക്ക്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരേ ഞാന്‍ പറയട്ടെ, നിങ്ങളും ഇത് വാങ്ങുക....

(രവി അവതാരകരോട് ഒന്ന് തല കുലുക്കി വീണ്ടും സൈക്കിളിന്റെ വേഗത കൂട്ടുന്നു...രവിയുടെ പ്രകടനം)

1. ഇതാ കേട്ടില്ലേ, രവിയുടെ സാക്ഷ്യപത്രം. ഇനി മിന്‍മിനി പറയുന്നത് കേള്‍ക്കൂ....
 മിന്‍മിനി സന്തോഷത്തോടെ സ്‌റ്റേജിന് മുന്നിലേക്ക് സൈക്കിള്‍ ചവുട്ടിവരുന്നു.
മിന്‍മിനി: വാക്കുകള്‍ കൊണ്ട് എനിക്ക് എന്റെ  ജീവിതം പ്രകടിപ്പിക്കാനാവുമോ എന്നറിയില്ല, എന്നാലും ആവും വിധം പറയാം കേട്ടോ.... വാക്കുകള്‍ കൊണ്ട് ജീവിതത്തെ പ്രകടിപ്പിക്കാനാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് സത്യമാണ്....
1. എന്താണ് മിന്‍മിനി പറയാന്‍ വരുന്നത്...?
മിന്‍മിനി: കല്ല്യാണം കഴിഞ്ഞ് വന്നത് തൊട്ട് എന്തോ ജീവിതം എനിക്ക്് കൊല്ലുന്നതിന് തുല്യമായി. സഹിക്കാന്‍ വയ്യാതായപ്പോള്‍, ഭര്‍ത്താവിന്റെ സ്വത്ത് എന്റെ പേരിലെഴുതിവെച്ച് ഞാന്‍ കഴിഞ്ഞ ന്യൂ ഈയര്‍ രാത്രി ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ മിലിട്ടറിക്കാരന്‍ അച്ഛനേയും സ്‌നേഹത്തിന്റെ വിഷം കൊടുത്തുകൊന്നു എന്നത് സത്യമാണ്. കേസ് നടന്നു. ഒരു വര്‍ഷം കഴിഞ്ഞ്് എല്ലാത്തില്‍ നിന്ന് ഊരി വരുമ്പോള്‍  കുറ്റബോധമാണോ എന്നറിയില്ല എന്റെ മനസ്സ് ശൂന്യത വന്ന് ഭ്രാന്ത് പിടിച്ചു. ഉറങ്ങാനോ തിന്നാനോ കുടിക്കാനോ കഴിയാതെ തകര്‍ന്ന് തരിപ്പിണമാവുമ്പോഴാണ് ഞാന്‍ ഈ യന്ത്രത്തെക്കുറിച്ചറിയുന്നത്. ഇതില്‍ക്കയറിയതില്‍പ്പിന്നെ നോ പ്രോബ്ലം.. ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ച് പോവുന്നൂ... എന്റെമ്മേ..... സന്തോഷം എന്നത് ഇത്രവലിയ സാധനമാണെന്ന ഞാന്‍ ഇപ്പോഴാ മനസ്സിലാക്കുന്നത്....!!
(മിന്‍മിനി സൈക്കിള്‍ ചവുട്ടി പിറകിലേക്കകലും നേരം മൂന്നാമന്‍ മുന്നിലേക്ക് വരുന്നു.)

3. മറ്റുള്ളവര്‍ പരിചയപ്പെടുത്തും മുന്നേ ഞാന്‍ സ്വയം പരിചയപ്പെടുത്താം. ഞാന്‍ നല്ലവാനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നൂ. എന്റെ അമ്മച്ചിയാണേ സത്യം... പക്ഷേ കൂടെയുളളവര്‍ കൈയ്യിട്ട് വീട്ടിലേക്ക് വാരിക്കൊണ്ട് പോവാനും കൊല്ലാനും തുടങ്ങിയപ്പോള്‍ എനിക്കെന്തോ അസ്വസ്ഥ്യം.(മുഖത്ത് ഒരു വിഷമം.). ഈ കുറ്റബോധം എന്ന സാധനം എന്റെ തലയില്‍ കയറി കുത്തിയിരിക്കാന്‍ തുടങ്ങി. ഇത് തെറ്റല്ലേ എന്ന് ചോദിച്ചും മുറുമുറുത്തും തുടങ്ങിയപ്പോള്‍ അവര്‍ക്ക് എന്നെ കണ്ണില്‍ കണ്ടാല്‍ കൂടാതെയായീ.. അവര്‍ എന്നെപ്പിടിച്ച് ഈ യന്ത്രത്തില്‍ കയറ്റി.. ഇതില്‍ കയറിയതോടെ ഞാന്‍ അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ.. സ്വര്‍ഗ്ഗം കണ്ട സുഖം എന്ന് രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞുകൂട എന്നാണ്.. എന്നാലും ഞാന്‍ ആവര്‍ത്തിച്ച് പറയുന്നൂ സുഹൃത്തുക്കളേ., ഈ ലോകത്തില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ് ഇവിടെയാണ്...!
(3 സൈക്കിളില്‍ തിരിച്ച് ചവുട്ടുന്നു.)  

1. കേട്ടില്ലേ, സുഹൃത്തുക്കളേ... തീര്‍ച്ചയായും ഇതൊരു നാഴികകല്ലാണ്... ജീവിതകാലം മുഴുവന്‍ സന്തോഷിക്കാനാഗ്രഹിക്കാത്ത മനുഷ്യരുണ്ടാകാതിരിക്കുമോ...
2. രാഷ്ട്രീയപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍,സംഗീതജ്ഞര്‍ തുടങ്ങീ കേരളത്തിലെ മിക്കവരും തീര്‍ച്ചായായും വലയിലാക്കും പ്രൊഡക്ഷന്റെ മെഷീന്‍ ഫോര്‍ സെലിബ്രേഷന്റെ കീഴിലാണ് ഇന്ന് എന്ന് ഊന്നിയൂന്നിപ്പറയാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
1. ഇനി വരും നാളുകളില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നല്ല അറിയപ്പെടുക സന്തോഷങ്ങളുടെ സ്വന്തം നാട് എന്നായിരിക്കും...
2. സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക
1. ഞങ്ങളുടെ നമ്പര്‍...
2. 9846642578(ഇംഗ്ലീഷില്‍)
1. 9846642578(മലയാളത്തില്‍)
2. നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു....വിളിക്കുമല്ലോ...
(സ്‌റ്റേജില്‍ നിന്ന് എല്ലാവരും മറയും നേരം പരസ്യത്തിന്റെ ശബ്ദം ഉയരുന്നു)

(സ്റ്റേജിലേക്ക് ടിവിഷോ കണ്ട അച്ഛന്‍, അമ്മ , മകള്‍ എന്നിവര്‍ വരുന്നു.)
അച്ഛന്‍. ആ യന്ത്രം വാങ്ങിയാല്‍ മതിയായരുന്നൂ അല്ലേ ശാന്തേ....
അമ്മ: അതെയതെ.... ജീവിതം മുഴുവന്‍ ഇങ്ങനെ നരകം തിന്നിട്ടെന്തിനാ... ഒരു നേരമെങ്കിലും ഒന്ന് സന്തോഷിക്കേണ്ടേ....
അച്ഛന്‍: നീ പറഞ്ഞത് തന്നെ ശരീ ശാന്തേ...
അമ്മ: ഇങ്ങനെയുള്ള ജീവിതം ആര്‍ക്കും കൊടുക്കരുത്...
അച്ഛന്‍: അഞ്ച് സെന്റ് സ്ഥലവും പുരയിടവും ബാങ്കുകാര്‍ കടത്തിന്റെ പേരില്‍ കൊണ്ട് പോയി...

അമ്മ. ആദായമില്ലെന്ന് പറഞ്ഞ് നിങ്ങള്‍ പണിയെടുത്ത് കൊണ്ടിരുന്ന സ്ഥാപനം അടച്ചുപൂട്ടി...
അച്ഛന്‍: വാടക കൊടുക്കാത്തത് കൊണ്ട് വീട്ടുടമസ്ഥന്‍ ഇറക്കിവിട്ടു...
മകള്‍: ഈ രാത്രീ നമ്മള്‍ ഇനി എവിടെ പോകും അച്ഛാ...

അച്ഛന്‍: അറിയില്ല മോളേ...എനിക്കൊന്നുമറിയില്ല മോളേ....
അമ്മ. ഇരുട്ടിന് കൊടുങ്കാറ്റിനേക്കാളും ശക്തി കൂടുന്നൂവല്ലോ....
അച്ഛന്‍: നമുക്ക് ആത്മഹത്യ ചെയ്യാം....ആത്മഹത്യം പോലൊരു ഉത്തരം വേറെയില്ല മകളേ..
മകള്‍: അയ്യോ.. അങ്ങനെ പറയല്ലേ... അച്ഛാ...
അച്ഛന്‍: പിന്നെന്താ നമ്മള്‍ ചെയ്യുക...
(പെട്ടെന്ന് രണ്ട് പേര്‍ സ്റ്റേജിലേക്ക് ചാടി വീഴുന്നു. ഞെട്ടുന്ന അവര്‍.)

1. വഴിയുണ്ട്.. എല്ലാത്തിനും വഴിയുണ്ട്....
അമ്മ: എന്ത് വഴി.. പെരുവഴിയാലായവര്‍ക്കെന്ത് വഴിയാണ് അനിയന്മാരേ...?
2. വഴിയണ്ടെന്നേ. എല്ലാം മറക്കാനൊരു വഴിയുണ്ട്...
അച്ഛന്‍. പറയെന്നേ... എന്തു വഴി...?
1. നിങ്ങള്‍ ഞങ്ങളുടെ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം വാങ്ങൂ....എല്ലാ പ്രശ്‌നവും പരിഹൃതമാകൂം...
അമ്മ: ഹേ... നിങ്ങള്‍ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രത്തിന്റെ ആളുകളാണോ...എന്റമ്മേ..ഞങ്ങളതേപ്പറ്റീ ഇപ്പോള്‍ സംസാരിച്ചതേ ഉള്ളൂ....
2. അതെ ഞങ്ങളാണ് ലോകത്തിന്റെ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്നവര്‍....
അമ്മ: ഞങ്ങള്‍ക്ക് അത് വാങ്ങണമെന്ന് തീവ്രമായ ആഗ്രഹമൊക്കെയുണ്ട്... പക്ഷേ നായാപൈസയില്ല, കൈയ്യിലൊരു നായപ്പൈസയില്ല...
അച്ഛന്‍: അതെ, അതുതന്നെ...
1. അതിനൊക്കെ വഴിയുണ്ടെന്നേ..
അമ്മ: എന്ത് വഴി.....
2. വഴിയുണ്ട് അതിന് നിങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിക്കണം....(മകളിലേക്കേ് വികാരപൂര്‍വ്വം കണ്ണ് തുറപ്പിച്ച്)
അമ്മ: എന്ത് വിചാരം..തെളിച്ച് പറ ഹേ...
1. സ്ത്രീധനം ഒരു പുണ്യധനമാണല്ലോ... ഈ സ്ത്രീധനത്തെ ഞങ്ങള്‍ക്ക്് തന്നാല്‍ നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷിക്കാം...സന്തോഷിച്ച് കൊണ്ടേയിരിക്കാം....
(2 മകളെ പിടിക്കാന്‍ ആയുന്നു. മകള്‍ 'അച്ഛാ...' എന്ന് നിലവിളിച്ച് അച്ഛനടുക്കുന്നു. )
അച്ഛന്‍: തോന്ന്യാസം കളിച്ചാലുണ്ടല്ലോ.. (എന്ന് 2-ന്റെ കോളര്‍ പിടിക്കുന്നു.)
അമ്മ: കടക്കെടാ തെണ്ടികളേ ഇവിടുന്ന്....
(2 അച്ഛനെ തള്ളിവിഴ്ത്തുന്നു. 1 മകളുടെ കൈ പിടിക്കുന്നു. അവളുടെ നിലവിളി. തടയാന്‍ ശ്രമിക്കുന്ന അമ്മ. 1 ഇരുകൈകളിലും അദൃശ്യയന്ത്രവുമെടുത്ത് വരുന്നു.  യന്ത്രം സ്റ്റേജിലുറപ്പിച്ച് 1 അച്ഛനേയും അമ്മയേയും ബലം പ്രയോഗിച്ച് അതിലിരുത്തിപ്പിക്കുന്നു. നിലവിൡയോടെ ഇരിക്കേണ്ടി വരുന്ന അവര്‍. മകളെ സ്്‌റ്റേജിന് പിറകിലേക്ക് വലിച്ചിഴയ്ക്കുന്ന 2.
സ്റ്റേജില്‍ സങ്കടപൂര്‍വ്വം ചവുട്ടിതുടങ്ങുന്ന അച്ഛനുമമ്മയും. പതുക്കെപതുക്കെ അവരുടെ മുഖത്ത് സന്തോഷം പരക്കുന്നു. കൈരളിച്ചാനലിന്റെ പ്രധാനവാര്‍ത്ത വായിക്കപ്പെടുന്നു, വാര്‍ത്ത തീരുന്നതിന്റെ മ്യൂസിക്.)  

(സുഹൃത്തും സംവിധായകനുമായ ഉണ്ണിരാജ് എന്ന ഉണ്ണിയേട്ടന് കണ്ണൂര്‍ സര്‍വ്വകലാശാലകലോല്‍സവത്തില്‍ മല്‍സരിക്കുന്നതിനായി എഴുതിക്കൊടുത്ത പത്ത് മിനുട്ട് സ്‌കിറ്റ്.)

Tuesday, May 17, 2011

ശരിയാകും

ആറരയാകുമ്പം എല്ലാം ശരിയാകും. 
സത്യം ശരിയാകുമെന്നേ..ശരിയാകും.
സത്യായിട്ടും ശരിയാകും
പ്ലീസ്, ഒന്നെന്നെ വിശ്വസിക്കൂ,ശരിയാകും..
പ്ലീസ്..

അല്ല,ശരിയാകില്ലേ..?
ഹേയ്,ശരിയാകും..

ശരിയാകും?
ശരി...?

അല്ല, എന്താണ് ഈ ശരിയും തെറ്റും...

തെറ്റാകും...
ആറരക്ക് എല്ലാം തെറ്റാകും..

Thursday, April 21, 2011

കശുവണ്ടിക്കറ



കശുവണ്ടിക്കറ കൊണ്ട് പൊള്ളിയത് പോലെ വിളിര്‍ത്ത ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ല എന്ന് പറഞ്ഞ മിസറ്റര്‍ ശരത് പവാര്‍ എണ്‍മകജയിലെ കുഞ്ഞുമക്കള്‍ പറയുന്നൂ, പന പോലെ വളരുക. വളര്‍ന്ന് കാലത്തിന്റെ കാറ്റിനെ കൈയ്യിലൊതുക്കുക. ദുരന്തങ്ങളുടെ ഫലപൂയിഷ്ടപ്രദേശമായി കാസര്‍ഗോഡിനെ മൊത്തം മാറ്റിയെടുക്കുക. ഇരുപത്തിമുന്ന് കൊല്ലക്കാലം നാവ് ഉള്ളിലേക്കെടുക്കാനാവാതെ ജീവിച്ച് മരിച്ച ഭാഗ്യലക്ഷ്മിമാര്‍ ഇനിയും ഉണ്ടാവട്ടെ. തീന്‍മേശയിലിരുന്ന് കുത്താടിക്കുടിച്ച് അവരുടെ ദൃശ്യങ്ങള്‍ കണ്ട് ആര്‍ത്തട്ടഹസിക്കുക. ഉടലിന്റെ ഇരട്ടിവലുപ്പത്തില്‍ ശിരസ്സുള്ള, പയര്‍മണിയേക്കാളും നേര്‍ത്ത കൈകാലുകളുള്ള, കൃഷ്ണമണി തിരിഞ്ഞുപോയ കുഞ്ഞുങ്ങള്‍ ഇനിയുമുണ്ടാവട്ടെ. വിചിത്രമായ ഒരു ഭൂപ്രദേശമായി കാസര്‍ഗോഡ് മാറ്റപ്പെടട്ടെ. വിദേശത്ത് നിന്ന് വലിയ ആളുകളെ കൊണ്ട് വന്ന് ഞങ്ങളെ കാട്ടിക്കൊടുക്കുക. എല്ലാം കണ്‍കുളിര്‍ക്കെ കണ്ട് അവര്‍ തിരിച്ച് പോകട്ടെ.  നമ്മുടെ മാന്യമഹാരാജ്യം അങ്ങനെ സമൃദ്ധിയിലേക്ക് കുതിച്ചുയരട്ടെ. കാസര്‍ഗോഡായത് കൊണ്ടാണ് മരിച്ച് ജീവിക്കുന്ന ഈ കാഴ്ച  ഒരു വലിയ തമാശയായി നിങ്ങള്‍ക്ക് തോന്നുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. വേറെയെവിടെയെങ്കിലുമായിരുന്നെങ്കില്‍ കത്തിയേനെ എന്നും ഞങ്ങള്‍ക്കറിയാം. എത്തിനിലവിളിച്ചിട്ടും ഞങ്ങളുടെ നിലവിളി നിങ്ങളുടെ ബധിരകര്‍ണ്ണങ്ങളിലേക്ക് എത്തുകയില്ല. ദുരന്തങ്ങള്‍ പേമാരിയായി പെയ്ത് തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ താല്പര്യം കാട്ടാത്തത് കാസര്‍ഗോഡായത് കൊണ്ടാണെന്നും ഞങ്ങള്‍ക്കറിയാം. അന്വേഷണറിപ്പോര്‍ട്ടുകള്‍ കാലങ്ങളോളം തുടര്‍ന്ന്‌ക്കൊണ്ടിരിക്കട്ടെ. നിങ്ങളുടെ സന്തോഷനടത്തങ്ങളെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്...ഞങ്ങള്‍ എന്നും കീഴടക്കപ്പെട്ടവരാണല്ലോ..

എന്‍ഡോസള്‍ഫാന്‍ നിരാധിക്കണമെന്നാവശ്യപെട്ടുകൊണ്ടിറക്കിയ മാസ് പെറ്റീഷനില്‍ ഒപ്പിടുക- ഇവിടെ ക്ലിക്ക് ചെയ്യുക



Monday, April 11, 2011

എണ്‍മ്പത്തേഴ് വയസ്സുള്ള ചെറുപ്പക്കാരന്‍



വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരമേറില്ലായിരിക്കാം. പരാജയപ്പെടാനുള്ള സാഹചര്യം ഇടതുപക്ഷത്തിലെ ചില നേതാക്കളും (പി.ശശിപേടി മൂത്ത് അടി, സ്ഥാനത്തും അസ്ഥാനത്തുമുള്ള വഴിവിട്ട വാക്ക്) ഉറുമ്പ് കടിച്ചാല്‍ മൂര്‍ഖനാണ് കടിച്ചത് എന്ന പാടുന്ന, ഇടതുപക്ഷവിരോധം അടിസ്ഥാനവകാശമായിക്കൊണ്ട് നടക്കുന്ന ചില മാധ്യമങ്ങളും നന്നായി ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലെ അവസാനത്തെ രാഷ്ട്രീയപ്രവര്‍ത്തകന്റെ  ജനങ്ങള്‍ക്കിടയിലേക്കുള്ള ഒറ്റയ്ക്കുള്ള നടത്തമാണ് ഈ തിരഞ്ഞെടുപ്പിനെ ചരിത്രത്തില്‍ അടയാളം വെയ്ക്കുന്നത്. വി.എസ്. അച്യുതാന്ദന്‍ എന്ന എണ്‍മ്പത്തേഴ് വയസ്സുള്ള ചെറുപ്പക്കാരന്‍ കേരളത്തെ ഇളക്കിമറിക്കുന്നത് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും വലിയ കാഴ്ചയായി. നന്മയും സത്യസന്ധതയും ഇപ്പോഴും മലയാളികള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. വി.എസ് മാത്രമാണ് ശരി എന്ന നിലപാടിലേക്ക് മലയാളികള്‍ മാറുന്ന ഒരു കാഴ്ച കണ്ടതിന്റെ സന്തോഷം.  വിഎസിന് എതിരായുള്ള ആരോപണങ്ങളൊന്നും മലയാളികള്‍ മുഖവിലയ്‌ക്കെടുത്തതേയില്ല. ഒരുത്തി എന്ന് വിളിച്ചൂ എന്ന് വലിയ വായില്‍ നിലവിളിച്ച സിന്ധുജോയിയേയും ദ്വയാര്‍ത്ഥ പ്രയോഗം എന്ന് മാത്രം മിണ്ടിക്കൊണ്ടേയിരുന്ന ലതിക സുഭാഷിനേയും അര്‍ഹിക്കുന്ന പുച്ഛത്തോടെ ചിരിച്ചുതള്ളാനും മലയാളി തയ്യാറായി. ശരിയായ രാഷ്ട്രീയത്തെ കേരളം ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് വിഎസിനോടുള്ള സ്‌നേഹം. ഒരു പക്ഷേ സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അവസാനകാലയളവായി ഇതിനെ കാണാം. വിഎസിന് ശേഷം ഇനിയൊരിക്കലും ആദര്‍ശം എന്നത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മനസ്സിലേക്ക് നടന്നുവരുമെന്ന് തോന്നുന്നില്ല.

മാര്‍ച്ച് 8-ന് കോഴിക്കോട് കടപ്പുറത്തേക്ക് വൈകുന്നേരം ഞാനും സുഹൃത്ത് സ്വരാജും കൂടി എത്തുമ്പോഴേക്കും കരയിലേക്ക് കടല്‍ കയറിയത് പോലെ ആളുകള്‍ ഉണ്ടായിരുന്നു- ജനകടല്‍. വയസ്സായ സ്ത്രീകള്‍, കുഞ്ഞുങ്ങളേയും തോളിലേറ്റി അമ്മമാര്‍ , രാഷ്ട്രീയത്തിന്റെ മസിലുപിടുത്തം ഇല്ലാത്ത പുതിയ കാലത്തിന്റെ ചെറുപ്പക്കാര്‍ അങ്ങനെ കണ്ട കാഴ്ചയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സമയമില്ല എന്ന് നിലവിളിച്ച് പായുന്ന മലയാളികള്‍ വിഎസിനേയും കാത്ത് രണ്ട് മണിക്കൂറോളം കടപ്പുറത്ത് നിന്നു. ഒടുവില്‍ വി.എസ് എത്തിയപ്പോള്‍
എളമരം കരീമിന്റെ വില കുറഞ്ഞ വാക്കുകളെ വകവെയ്ക്കാതെ ആളുകള്‍ നിരത്തിലേക്കിറങ്ങി. ഞാനും സ്വരാജും ബലമില്ലെങ്കിലും ആവുന്നത്ര മുന്നോട്ട് വന്നു. കാര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അറിയാതെ മുദ്രാവാക്യം വിളിച്ചു. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് പുറത്തിറങ്ങി 6 വര്‍ഷത്തിന് ശേഷം വീണ്ടും ആകാശത്തിന് ഒരു മുഷ്ടി ചുരുട്ടല്‍ .വാക്കുകള്‍ കൊണ്ട് വിഎസിന് ഉച്ചത്തില്‍ ഷേക്ക്ഹാന്റ് കൊടുക്കുമ്പോള്‍ ക്യാമ്പസ്‌കാലത്തിന്റെ ഊര്‍ജ്ജം എന്നില്‍ .കൈകള്‍ വായുവിലേക്ക് ഉയര്‍ത്തിയത് ഞാനായിരുന്നില്ല. കറുത്ത കാറ്റും കൊട്ടപ്പാറകളും മാത്രമുള്ള കാസര്‍ഗോഡന്‍ കോളേജ് വഴികള്‍ ഓര്‍മ്മയില്‍ ലാല്‍സലാം പറഞ്ഞു. എണ്‍മ്പത്തേഴ് വയസ്സുള്ള ചെറുപ്പക്കാരാ നന്ദി, വയസ്സെത്തും മുമ്പേ കാലത്തിന്റെ പ്രൊജേരിയ ബാധിച്ച് വൃദ്ധരായിപ്പോയ ഞങ്ങളെ ഇത്തിരിനേരത്തേക്കെങ്കിലും ചെറുപ്പക്കാരാക്കിയതിന്.

Friday, February 4, 2011

ജി.എല്‍ .പി.സ്‌കൂള്‍ കീക്കാംങ്കോട്ട്

മടിയായി പെയ്ത് തിമിര്‍ത്ത ഒരു സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മയില്‍ ഞാന്‍ ഈ പാട്ട് വീണ്ടും കേള്‍ക്കുന്നു..
നാലാം ക്ലാസ്സിലായിരുന്നു. കാറ്റിനേയും പുഴയേയും പശുക്കളേയും കൂട്ട് പിടിച്ച കാലമായിരുന്നു. സ്‌കൂളിനേക്കാള്‍ പുറത്തായിരുന്നൂ കണ്ണും മനസ്സും. വീട്ടിന് മുന്നിലെ കണ്ണിച്ചിറ എന്ന ചെറിയ പുഴ ഉള്ളില്‍ ഒഴുകിക്കൊണ്ടേയിരുന്നു. പല വട്ടം മരണത്തിന്റെ കയങ്ങളിലേക്ക് കൊണ്ട് പോയിട്ടും പുഴയിലേക്ക് വീണ്ടും വീണ്ടും ഞാന്‍ ഒഴുകിയെത്തി. വെള്ളത്തില്‍ മലര്‍ന്ന് കിടന്ന് നീന്തുമ്പോള്‍ ശ്വാസം പിടിക്കാനുള്ള ധിറുതിപ്പെടലിനിടയില്‍ ആവുംവിധം ഒച്ചത്തില്‍ പാട്ടുകള്‍ പാടും. വെള്ളം കയറിയ എന്റെ വലിയ ചെവികളില്‍ വാക്കുകള്‍ പെരുംചെണ്ടയുടെ മൂളക്കം സൃഷ്ടിക്കും.

മനസ്സില്‍ പുഴയില്ല ഇപ്പോള്‍ . വരണ്ട കാറ്റ് അലയടിച്ച് കൊണ്ടേയിരിക്കുന്നു.
പാട്ട് കേട്ടപ്പോള്‍ മനസ്സില്‍ വന്നൂ ആ കാലം, പുഴ പോലെ.
നാട്ടിലേക്ക് പോകണം. പുഴയില്‍ മുങ്ങണം.



തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ


Labels